രാമനാട്ടുകര ടെലിഫോൺ എക്സ്ചേഞ്ചിൽ മോഷണം; 1.75 ലക്ഷം രൂപയുടെ കേബിൾ കവർന്നു

0
233
Theft at Ramanatukara Telephone Exchange; A cable worth Rs 1.75 lakh was stolen
Google search engine

നഗരസഭയുടെ മാർക്കറ്റ് ഷോപ്പിങ്‌ കോംപ്ലക്സ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബി.എസ്.എൻ.എൽ. രാമനാട്ടുകര ടെലിഫോൺ എക്സ്ചേഞ്ചിൽ മോഷണം. ഏകദേശം 240 കിലോഗ്രാം തൂക്കമുള്ള കോപ്പറിന്റെ ഡി.സി. കേബിളാണ് മോഷണംപോയത്. 150 എം.എം. കനമുള്ള 60 മീറ്റർ കേബിളാണിത്. എക്സ്ചേഞ്ചിലെ ബാറ്ററിയും ഇലക്‌ട്രോണിക് ഉപകരണങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്നത് ഈ കേബിൾ വഴിയാണ്. അതോടെ എക്സ്ചേഞ്ച് പ്രവർത്തനം ശനിയാഴ്ച മുടങ്ങി.

ഷോപ്പിങ്‌ കോംപ്ലക്സിലെ ഒന്നാംനിലയിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് വടക്കുവശത്തുനിന്നുള്ള ഇരുമ്പു കോണിയിലൂടെവന്ന മോഷ്ടാക്കൾ ഇരുമ്പുഗേറ്റ് തകർത്താണ് കെട്ടിടത്തിൽ കയറിയത്. ബാറ്ററിയിൽനിന്ന് പൊട്ടിച്ചെടുത്തിരിക്കയാണ് കേബിൾ. 500 ലാൻഡ് ഫോണുകളും 700-ഓളം ഫൈബർ നെറ്റ് കണക്‌ഷനും എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്നുണ്ട്. പുലർച്ചെ 1.45-ന് ശേഷമാണ് മോഷണം നടന്നതെന്നാണ് പോലീസ് നിഗമനം. എക്സ്ചേഞ്ചിൽ വൈകീട്ട് അഞ്ചുമണിക്ക് ശേഷം ജീവനക്കാർ പോയാൽപിന്നെ സെക്യൂരിറ്റിജീവനക്കാർ ഇല്ല. സി.സി.ടി.വി.യുമില്ല. രാവിലെയോടെയാണ് മോഷണവിവരം അറിഞ്ഞത്.

ഫറോക്ക് പോലീസ് ഇൻസ്പെക്ടർ പി.സി. ഹരീഷ്, എസ്.ഐ. പി. അനൂപ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് വിരലടയാളവിദഗ്‌ധൻ പി. ശ്രീരാജിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾശേഖരിച്ചു. ബി.എസ്.എൻ.എൽ. എ.ജി.എം. കെ. സജേഷ്, എസ്.ഡി.ഇ.പി. സന്ദീപ്, രാമനാട്ടുകര ജെ.ടി.ഒ. പി.പി. ദാസൻ എന്നിവരുടെ നേതൃത്വത്തിൽ ശനിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ എക്സ്ചേഞ്ച് പ്രവർത്തനം പൂർവസ്ഥിതിയിലാക്കി.

Google search engine