രാമനാട്ടുകര-എയർപോർട്ട് നാലുവരിപ്പാത അലൈൻമെന്റായി; 12 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരും

0
503
Airport road four-laning: Alignment submitted for approval.
Google search engine

കോഴിക്കോട് നഗരത്തെ കരിപ്പൂർ വിമാനത്താവളവുമായി കൂട്ടിയിണക്കുന്ന രാമനാട്ടുകര-എയർപോർട്ട് ജങ്ഷൻ റോഡ് നാലുവരിപ്പാതയാക്കി വികസിപ്പിക്കുന്നതിന് അലൈൻമെന്റായി. ഇത് ദേശീയപാത അതോറിറ്റി ചീഫ് എൻജിനിയറുടെ അനുമതിയ്ക്കായി സമർപ്പിച്ചു. അനുമതി ലഭിക്കുന്നതോടെ ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കാനാകും. നാലുവരിപ്പാത വികസനത്തിനു 12 ഹെക്ടർ ഏറ്റെടുക്കേണ്ടിവരുമെന്നാണ് പ്രാഥമിക നിഗമനം.

രാമനാട്ടുകര മുതൽ എയർപോർട്ട് ജങ്ഷൻ വരെ 13.4 കി.മീറ്റർ റോഡ് 24 മീറ്റർ വീതിയിൽ നാലുവരിപ്പാതയായി വികസിപ്പിക്കാനാണ് പദ്ധതി. ദേശീയപാത 966 നാലുവരിയാക്കി വികസിപ്പിക്കാൻ നേരത്തെ ദേശീയപാതാ അതോറിറ്റിക്ക് കൈമാറിയിരുന്നു. എൻഎച്ച്എഐ തയ്യാറാക്കിയ ഗ്രീൻ ഫീൽഡ് പാത അലൈൻമെന്റിൽ രാമനാട്ടുകര മുതൽ കൊണ്ടോട്ടി കരിപ്പൂർ എയർപോർട്ട് ജങ്ഷൻ വരെയുള്ള മേഖല ഉൾപ്പെട്ടിരുന്നില്ല. തുടർന്ന്, വിമാനത്താവള റോഡ് വികസനത്തിന് പ്രത്യേകമായ പദ്ധതി തയ്യാറാക്കാൻ മന്ത്രി പി എ മുഹമ്മദ് റിയാസ് ദേശീയപാതാ വിഭാഗം ചീഫ് എൻജിനിയർക്ക് നിർദേശംനൽകി.

ഇതിന്റെ ഭാഗമായി പാതയുടെ ഡിപിആർ തയ്യാറാക്കാൻ അലൈൻമെന്റ്, സാധ്യതാ പഠനം എന്നിവ നടത്തുന്നതിന് ദേശീയപാതാ വിഭാഗം 33.7 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഡിവൈഡർ, നടപ്പാത, ബസ് ബേ, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ റോഡാണ് ലക്ഷ്യമിടുന്നത്. അത്യാധുനിക നിലവാരത്തിലുള്ള വിശ്രമകേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കും. എയർപോർട്ട് റോഡ് എന്ന നിലയിൽ തടസ്സങ്ങളില്ലാതെ യാത്ര സാധ്യമാക്കുകയാണ് ലക്ഷ്യം.

Google search engine