മുട്ടിയറ കനാലിലും പുല്ലിപ്പുഴയിലും മാലിന്യം എത്തുന്നതെങ്ങനെയെന്ന് നഗരസഭ പരിശോധിക്കണം

സൗന്ദര്യവത്കരണപദ്ധതിയിൽ നിർമിച്ച ഓടയിലൂടെ വന്നുചേരുന്ന മലിനജലമാണ് മത്സ്യങ്ങൾ ചാവാൻ കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

0
354
muttiyara-ramanattukra
Google search engine

മുട്ടിയറ കനാലിലും പുല്ലിപ്പുഴയിലും മാലിന്യം എത്തുന്നതെങ്ങനെയെന്ന് നഗരസഭ പരിശോധിക്കണമെന്ന ആവശ്യം ശക്തം, കഴിഞ്ഞ ദിവസം ചെത്തുപാലം തോട് വന്നുചേരുന്ന മുട്ടിയറ കനാൽപ്രദേശത്ത് മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങിയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു, സൗന്ദര്യവത്കരണപദ്ധതിയിൽ നിർമിച്ച ഓടയിലൂടെ വന്നുചേരുന്ന മലിനജലമാണ് മത്സ്യങ്ങൾ ചാവാൻ കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

മാലിന്യം തങ്ങിനിൽക്കുന്നസമയത്ത് ഏതാനുംമീനുകൾ ചത്തുപൊങ്ങിയ കാഴ്ച എല്ലാവർഷവും ഉണ്ടാവാറുണ്ടെങ്കിലും ഇത്രയും അധികം ഇതാദ്യമാണെന്ന് നാട്ടുകാർ പറയുന്നു. പുല്ലിപ്പുഴയിൽനിന്ന് ഉപ്പുവെള്ളം കനാലിലൂടെ ഒഴുകി ഫാറൂഖ് കോളേജ് പ്രദേശത്ത്‌ കൃഷിനാശമുണ്ടാവുന്നത് പതിവായിരുന്നു. ഇത് തടയാനായി വേനലെത്തുന്നതോടെ തോടിന്റെ മുട്ടിയറ ഭാഗത്ത് മണ്ണും ചെളിയും മണൽചാക്കും നിറച്ച് ബണ്ട് കെട്ടുകയായിരുന്നു ചെയ്തിരുന്നത്. ഇതോടെ തോട്ടിലെ ഒഴുക്ക് നിലയ്ക്കും. വെള്ളം കറുത്ത് കുഴമ്പുരൂപത്തിലാവും. പിന്നീടിത് തുറന്നുവിടുമ്പോൾ ഈ മലിനജലം ഒന്നാകെ പുല്ലിപ്പുഴയിൽ വന്നുചേരും. ഈ സമയത്താണ് ഏതാനും മീനുകൾ ചത്തുപൊങ്ങിയിരുന്നത്.

ചെത്തുപാലം തോട് വൃത്തിയാക്കാനായി രാമനാട്ടുകര നഗരസൗന്ദര്യവത്കരണ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരത്തിലെ ഓടകളെല്ലാം പൊളിച്ചുപണിതിരുന്നു. കൂടാതെ വ്യാപാരസ്ഥാപനങ്ങളിൽനിന്ന് ഓടയിലേക്കൊഴുക്കിയ മാലിന്യ പൈപ്പുകൾ കണ്ടെത്തി നീക്കംചെയ്യുകയും ചെയ്തിരുന്നു. 32 ലക്ഷംരൂപ ചെലവിൽ രാമനാട്ടുകര നഗരസഭ മുട്ടിയറയിൽ 220 സെന്റിമീറ്റർ വീതിയിലുള്ള അഞ്ച് സ്റ്റീൽ ഷട്ടറുകൾ നിർമിക്കുകയുംചെയ്തു. ഇതോടെ പ്രശ്നങ്ങൾ തീരുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ.‌ എന്നിട്ടും ഇത്രയും സംവിധാനങ്ങളുണ്ടായിട്ടും ചെത്തുപാലം തോട്ടിലും അതുവഴി മുട്ടിയറ കനാലിലും പുല്ലിപ്പുഴയിലും മാലിന്യം എത്തുന്നതെങ്ങനെയെന്ന് നഗരസഭ പരിശോധിക്കണം. വളരെവേഗം തുറക്കാനും അടയ്ക്കാനും കഴിയുന്നവിധം ഗിയർ ബോക്സുള്ള മുട്ടിയറയിലെ സ്റ്റീൽ ഷട്ടറുകൾ ഉയർത്തിയാൽ ചലനമറ്റ ഈ മീനുകളെല്ലാം പുഴയിലേക്ക് ഒഴുകിപ്പോയേക്കാം. പക്ഷേ ഇത്രയും മീനുകൾ ചത്തുപൊങ്ങിയതിന്റെ കാരണം അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Google search engine