രാമനാട്ടുകര ബസ് സ്റ്റാൻഡിൽ ഇലക്ട്രോണിക് പഞ്ചിങ് നാളെ പുനരാരംഭിക്കും.

സമയക്രമം പരിശോധന സംവിധാനം മുടങ്ങിയതു ദേശീയപാതയിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനും ഇടയാക്കിയിരുന്നു.

0
169
ramanattukara-punching-station
Google search engine

രാമനാട്ടുകര ∙ ബസ് സ്റ്റാൻഡിലെ ഇലക്ട്രോണിക് ടൈം പഞ്ചിങ് സംവിധാനം നാളെ പുനരാരംഭിക്കും, കോവിഡിനു ശേഷം സ്റ്റാൻഡിൽ ഇലക്ട്രോണിക് പഞ്ചിങ് നടത്തിയിരുന്നില്ല. ഇതിനിടെ യന്ത്രം കേടാകുകയും പഞ്ചിങ് സ്റ്റേഷനിൽ പൊലീസുകാർ വരാതാകുകയും ചെയ്തതോടെ ബസുകാർക്കു തോന്നിയ പോലെയായിരുന്നു സർവീസ്. ബസുകൾ സ്റ്റാൻഡിൽ കയറാത്തത് സ്റ്റാൻഡ് ഫീ ഇനത്തിൽ നഗരസഭയ്ക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടായി. ഇതോടെയാണ് ഇലക്ട്രോണിക് പഞ്ചിങ് പുനഃസ്ഥാപിച്ച് ബസുകൾ സ്റ്റാൻഡിൽ കയറുന്നത് ഉറപ്പാക്കാൻ ട്രാഫിക് പൊലീസ് നടപടി സ്വീകരിച്ചത്.

കഴിഞ്ഞദിവസം പഞ്ചിങ് സ്റ്റേഷൻ സന്ദർശിച്ച ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ എ.ജെ.ജോൺസൺ ഇടപെട്ട് രണ്ട് വർഷത്തോളമായി പ്രവർത്തനരഹിതമായി കിടന്ന പഞ്ചിങ് യന്ത്രം അറ്റകുറ്റപ്പണി നടത്തിയാണ് പ്രവർത്തനം തുടങ്ങാൻ നടപടിയായത്. ഇതിനായി സ്റ്റാൻഡിൽ എത്തുന്ന ബസുകാർക്ക് പഞ്ചിങ് കാർഡുകൾ വിതരണം ചെയ്തു തുടങ്ങി.

രാത്രി 6നു ശേഷം ദീർഘദൂര ബസുകൾ സ്റ്റാൻഡിൽ കയറാത്ത സ്ഥിതിയായി. തൃശൂർ, ഗുരുവായൂർ, പാലക്കാട്, മഞ്ചേരി ഭാഗങ്ങളിൽ നിന്നെത്തുന്ന മിക്ക ബസുകളും രാത്രി സ്റ്റാൻഡിൽ പ്രവേശിച്ചിരുന്നില്ല. ദീർഘദൂര ബസുകൾ സ്റ്റാൻഡിനു പുറത്ത് ആളെ ഇറക്കിയാണ് പോകുന്നത്. പരാതി ഉയർന്നതോടെ പഞ്ചിങ് സ്റ്റേഷനിലെ റജിസ്റ്ററിൽ സമയം രേഖപ്പെടുത്തി ഒപ്പിടുന്ന സംവിധാനം ഒരുക്കിയിരുന്നു. ഇതും ഫലം കണ്ടില്ല.

ജില്ലയിൽ കിഴക്കൻ മേഖലയിലെ ഏക പഞ്ചിങ് കേന്ദ്രമായ രാമനാട്ടുകരയിലെ സമയക്രമം പരിശോധന സംവിധാനം മുടങ്ങിയതു ദേശീയപാതയിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനും ഇടയാക്കിയിരുന്നു.

Google search engine