ഭിന്നശേഷിക്കാർക്ക് ഭരണസമിതി നൽകുന്ന മുച്ചക്ര വാഹന വിതരണ ചടങ്ങ് എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു.

    0
    285
    Google search engine

    രാമനാട്ടുകര:നഗരസഭയിലെ ഭിന്നശേഷിക്കാർക്ക് ഭരണസമിതി നൽകുന്ന മുച്ചക്ര വാഹന വിതരണ ചടങ്ങ് എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു . 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആറ് മുച്ചക്ര വാഹനങ്ങളാണ് നഗരസഭാ വിതരണം ചെയ്തത്.
    നഗരസഭയെ ഭിന്നശേഷി സൗഹൃദ നഗരസഭയാക്കുകയെന്ന ലക്ഷ്യത്തോടെ ഒരു വർഷം മുമ്പ് ആരംഭിച്ച പദ്ധതിയുടെ തുടർച്ചയായാണ് പ്രവർത്തനം. അംഗനവാടി ടീച്ചർമാരെയും ആശാവർക്കർമ്മമാരെയും ഉപയോഗപ്പെടുത്തിക്കൊണ്ട് നഗരസഭയിലെ മുഴുവൻ ഭിന്നശേഷിക്കാരുടെയും ഡാറ്റ ശേഖരിക്കുകയും സി.ആർ.സി. കോഴിക്കോടിന്റെയും കല്ലംപാറ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സഹായത്തോടെ നഗരസഭയിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും യു.ഡി.ഐ.ഡി കാർഡ് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് എന്നിവ നൽകുന്നതിന് ആവശ്യമായ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് നഗരസഭാ പരിധിയിൽ മുച്ചക്ര വാഹനം ആവശ്യമുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി. ആകെയുള്ള പതിനഞ്ചോളം അപേക്ഷകരിൽനിന്നും ആദ്യത്തെ ആറുപേർക്കാണ് നിലവിൽ വാഹനം കൈമാറിയത്. ശേഷിക്കുന്നവർക്ക് വാഹനം വാങ്ങാനായി നടപ്പു സാമ്പത്തിക വർഷം ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ഇതു കൂടാതെ ശ്രവണ സഹായി, കണ്ണുകാണാത്തവർക്കുള്ള ലൂയി ബയാൻ ലാപ്‌ടോപ്, ഇലക്ട്രിക്കൽ വീൽചെയർ എന്നിവയും വാങ്ങനായി തുക നീക്കി വെച്ചിട്ടുണ്ട്. സർക്കാർ – അർധ സർക്കാർ സ്ഥാപനങ്ങളിൽ റാംപ് സ്ഥാപിക്കാനുള്ള പദ്ധതി കൂടി യാഥാർഥ്യമാവുന്നതോടെ നഗരസഭ സമ്പൂർണ്ണ ഭിന്നശേഷി സൗഹൃദമാവും.

    നഗരസഭാ ചെയർപേഴ്‌സൺ ബുഷ്‌റ റഫീഖ് അധ്യക്ഷത വഹിച്ചു. കോംപോസിറ്റ് റീജ്യണൽ സെന്റർ ഡയറക്ടർ ഡോ.റോഷൻ ബിജിലി മുഖ്യാതിഥിയായി. നഗരസഭാ ഡെപ്യൂട്ടി ചെയർമാൻ കെ.സുരേഷ്, സ്ഥിരം സമിതി അധ്യക്ഷരായ പി.ടി.നദീറ, വി.എം.പുഷ്പ, കെ.എം.യെമുന, പി.കെ.അബ്ദുൽ ലത്തീഫ്, പി.സഫ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കല്ലട മുഹമ്മദലി, ഐ.,ി.ഡി.എസ് സൂപ്പർവൈസർ ഷൈന, സി.ഡി.എസ് ചെയർപേഴ്‌സെൺ ഷാജിലത, എൻ.സി. ഹംസക്കോയ, മൻസൂർഅലി, ബി.സി.ഖാദർ എന്നിവർ സംസാരിച്ചു.

    Google search engine