ചുട്ടുപഴുത്ത് കേരളം, വരും മാസങ്ങളിൽ അനുഭവിക്കാൻ പോകുന്നതെന്ത്?​​​​​​​

കേരളത്തിൽ ആറ് സ്ഥലങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിനും മുകളിലെത്തിയതായി കണ്ടെത്തിയിരുന്നു. വടക്കൻ കേരളത്തിലാണ് കഴിഞ്ഞ ദിവസം ചൂട് കൂടുതലായി അനുഭവപ്പെട്ടത്.

0
176
kerala-ramanattukara
Google search engine
kerala-ramanattukara

ചുട്ടുപഴുത്തിരിക്കുകയാണ് കേരളം. ഏപ്രിൽ – മെയ് മാസങ്ങളിൽ കണ്ടുവരുന്ന ചൂട് ഇത്തവണ ഫെബ്രുവരി മുതൽ ലഭിച്ച് തുടങ്ങിയപ്പോഴേ കണക്കാക്കിയതാണ് വരാൻ പോകുന്നത് അത്യുഷ്ണത്തിന്റെ നാളുകൾ ആണെന്ന്. കണക്കുകൂട്ടലുകളെ പോലും മറികടന്ന് ചൂട് 40 ഡിഗ്രിയും കടന്നിരിക്കുകയാണ്. വരും ദിവസങ്ങളിലും ഇതേ ചൂട് തുടർന്നാൽ വരാൻ പോകുന്നത് കടുത്ത വരൾച്ചയും, രോഗങ്ങളും, മറ്റു പ്രയാസങ്ങളുമായിരിക്കും.
ഇന്നലെ കേരളത്തിൽ ആറ് സ്ഥലങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിനും മുകളിലെത്തിയതായി കണ്ടെത്തിയിരുന്നു. വടക്കൻ കേരളത്തിലാണ് കഴിഞ്ഞ ദിവസം ചൂട് കൂടുതലായി അനുഭവപ്പെട്ടത്. പാലക്കാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ 40 ഡിഗ്രിക്കും മുകളിലായിരുന്നു താപനില.

വെള്ളിയാഴ്ച കേരളത്തിൽ ദുരന്ത നിവാരണ വകുപ്പിന്റെ ചുമതലയിലുള്ള നൂറോളം ഓട്ടമാറ്റിക് താപമാപിനികളിൽ 48 എണ്ണത്തിലും ഒരുമണിയോടെ താപനില 36 ഡിഗ്രി കടന്നു. കണ്ണൂർ ‍വിമാനത്താവളത്തിൽ 41.3 ഡിഗ്രി ചൂട് രേഖപ്പെടുത്തി. ഈ ചൂട് തന്നെയാകും വരും ദിവസങ്ങളിലും തുടരുക എന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. വരാൻ പോകുന്നതു കടുത്ത ചൂടും താപതരംഗവും നിറഞ്ഞ, മഴക്കുറവിന്റെ ദിവസങ്ങൾ ആയിരിക്കും. പാണത്തൂർ (കാസർകോട്), ആറളം (കണ്ണൂർ), നിലമ്പൂർ (മലപ്പുറം), മണ്ണാർക്കാട് (പാലക്കാട്) എന്നീ സ്ഥലങ്ങളിൽ 40 ഡിഗ്രിക്കു മുകളിലാണ് നിലവിൽ സ്ഥിരമായി ചൂട് ലഭിക്കുന്നത്. എറണാകുളം, കോട്ടയം ജില്ലകളിൽ 38 ഡിഗ്രിയായി ചൂട് വർധിച്ചു.

പകൽ താപനില താരതമ്യേന കുറഞ്ഞുനിൽക്കുന്നത് തെക്കൻ ജില്ലകളിലാണ്. തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലകളിലും ചൂട് 35 ഡിഗ്രിക്കു മുകളിലാണ്. വടക്കൻ ജില്ലകളായ മലപ്പുറം, കണ്ണൂർ, പാലക്കാട്, കോഴിക്കോട്, കാസർഗോഡ് എന്നീ ജില്ലകളിൽ പകൽ സമയങ്ങളിൽ പുറത്തിറങ്ങാൻ സാധിക്കാത്ത തരത്തിലാണ് ചൂട് ഉയരുന്നത്. വരും ദിവസങ്ങളിലും ഇത് ഇങ്ങനെ തന്നെ തുടരും.

കേരളത്തിൽ മാർച്ച് 10 വരെ ശരാശരി താപനില പതിവിലും 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു നിൽക്കും. മാർച്ച് രണ്ടാം വാരത്തോടെ വേനൽമഴ ലഭിച്ചു തുടങ്ങാൻ സാധ്യത കല്പിക്കുന്നുണ്ടെങ്കിലും ഉറപ്പ് പറയാനാവില്ല. ഏപ്രിൽ– മേയ് മാസങ്ങളിലും പൊള്ളുന്ന ചൂടിനു ശമനമേകി മഴ പെയ്തിറങ്ങുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വിഭാഗത്തിന്റെ (ഐഎംഡി) വിലയിരുത്തൽ.

അതേസമയം, ഉത്തരേന്ത്യയെ സംബന്ധിച്ച് വെല്ലുവിളികൾ നിറഞ്ഞ മൂന്നു മാസമാണ് വരാൻ പോകുന്നതെന്ന് ഐഎംഡി പറയുന്നു. താപതരംഗങ്ങൾ രൂപപ്പെടുമെന്ന് ഉറപ്പായി. വേണ്ടത്ര മഴയും കിട്ടാൻ സാധ്യതയില്ല. ഗോതമ്പും മറ്റ് റാഗി വിളകളും വളരുന്ന കാലമായതിനാൽ ഇത് രാജ്യത്തിന്റെ ഭക്ഷ്യോൽപ്പാദനത്തെ ബാധിക്കുമെന്ന സൂചനയും വിവിധ വകുപ്പുകൾ നൽകിക്കഴിഞ്ഞു. ആരോഗ്യ വിഭാഗത്തിനും വെല്ലുവിളി നിറഞ്ഞ 3 മാസങ്ങളാണ് ഇനിയുള്ളത്. 2016 മുതലാണ് ഐഎംഡി ഉഷ്ണകാലത്തെയും താപതരംഗത്തെയും സംബന്ധിച്ച പ്രവചനം പ്രസിദ്ധീകരിച്ചു തുടങ്ങിയത്.

സംസ്ഥാനത്ത് ചൂട് കൂടിയതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി സി ഡബ്ല്യു ആര്‍ ഡി എമ്മിലെ ശാസ്ത്രജ്ഞര്‍. വരും ദിവസങ്ങളില്‍ മഴ കിട്ടിയില്ലെങ്കില്‍ ജല സ്രോതസ്സുകളിലെ ജല നിരപ്പ് വലിയ തോതില്‍ താഴുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തിന്‍റെ പല ജില്ലകളിലും ഭൂഗര്‍ഭ ജലത്തിന്‍റെ അളവും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തെ കണക്കെടുത്താല്‍ അന്തരീക്ഷ താപ നില കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്.

വേനൽ മഴ പ്രവചിട്ടുണ്ടെങ്കിലും മഴ മാറി നില്‍ക്കുകയാണെങ്കില്‍ അന്തരീക്ഷ ബാഷ്പീകരണം കൂടുകയും ജലനിരപ്പ് വലിയ തോതില്‍ കുറയുകയും ചെയ്യും. ഭൂഗര്‍ഭ ജലനിരപ്പിലും വലിയ തോതില്‍ കുറവുണ്ടായിട്ടുണ്ട്. ഭൂഗര്‍ഭ ജലനിരപ്പ് ഏറെ താഴ്ന്ന കാസര്‍ക്കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ ചില സ്ഥലങ്ങളെ ക്രിട്ടക്കല്‍ മേഖലയിലാണ് ഉള്‍പ്പെടു്ത്തിയിരിക്കുന്നത്. ജല വിനിയോഗത്തില്‍ കടുത്ത നിയന്ത്രണം വേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ഒരു വര്‍ഷം കിട്ടേണ്ട മഴയുടെ അളവില്‍ മാറ്റമുണ്ടായിട്ടില്ലെങ്കിലും മഴ കിട്ടുന്ന കാലയളവ് കാലാവസ്ഥാ വ്യതിയാനം മൂലം കുറഞ്ഞതാണ് പ്രതിസന്ധിയായത്.

Google search engine